കുറവിലങ്ങാട്: മഴ ശക്തമായതിന് പിന്നാലെ വെള്ളമൊഴുക്ക് മൂലം നാട്ടിൻപുറത്തെ റോഡുകൾ തകരുന്നു. ഓടകളുടെ അഭാവവും നിലവിലുള്ള ഓടകൾ തകർന്നതുമാണ് റോഡ് നശിക്കാൻ ഇടയാകുന്നത്. റോഡ് നിരന്ന് വെള്ളം ഒഴുകുന്നതോടുകൂടി റോഡിൽ എക്കലും മണ്ണും അടിയുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. വർഷങ്ങൾ കാത്തിരുന്ന് ടാറിംഗ് നടത്തിയ റോഡുകളാണ് പലയിടങ്ങളിലും വെള്ളം ഒഴുകി തകരുന്നത്.
തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി റോഡരികിലെ കാടു വെട്ടിത്തെളിക്കുകയും ഓടകൾ ശുചീകരിക്കുകയും ചെയ്തിരുന്നെങ്കിലും ഇപ്പോൾ അതില്ല. ഫണ്ടിന്റെ കുറവ് പറഞ്ഞ് പഞ്ചായത്തുകളും ഇക്കാര്യത്തിൽ തിരിഞ്ഞു നോക്കുന്നില്ല. നാട്ടിൻപുറങ്ങളിൽ നടക്കുന്ന ചെറിയ ശ്രമദാനങ്ങൾ മാത്രമാണ് റോഡുകളുടെ രക്ഷയ്ക്ക് ബാക്കി ഉള്ളത്. ടാറിംഗ് കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിട്ട റോഡുകൾ വെള്ളം കെട്ടിനിന്ന് കുഴി രൂപപ്പെട്ടു തുടങ്ങിയത് യാത്രക്കാർക്ക് ഇരുട്ടടിയായിട്ടുണ്ട്.